Thursday, December 10, 2020

കുരുക്ക്

കുരുക്ക് 

കറുപ്പിലെ വെളുപ്പിൽ
ജീവിതം കുടുങ്ങിക്കിടക്കുന്നു
താഴോട്ടോ മുകളിലോട്ടോ
വശങ്ങളിലേക്കോ
എങ്ങോട്ട് പോയാലും
രക്ഷപ്പെടാനാവാതെ..
കുറക്കൽ, കൂട്ടൽ
ഹരണം ഗുണനം
എല്ലാം ഒരു പോലെ.

ശിഷ്ടങ്ങൾ ബാക്കിവെക്കാത്ത
കണക്കുകൾക്കിടയിലൂടെ 
ഓട്ടങ്ങൾ.
ഒരിക്കലും രക്ഷപ്പെടാനാവാത്ത
എസ്‌കേപ്പ് ബട്ടൺ
അവസാനമില്ലാത്ത എൻഡ് 
പുതുതായി ഒന്നും
കാണിച്ചു തരാത്ത ഇൻസെർട്ട്
പിന്നെ എത്ര മായ്ച്ചാലും
മായാത്ത ഡിലീറ്റും

കാഴ്ച മങ്ങുമ്പോൾ 
മുന്നിൽ എത്തുന്നത്
ഹോം മാത്രമാണ്.
മറവികൾ കൂടൊരുക്കി
കാത്തിരിക്കുന്ന
എന്റെ സ്വന്തം ഹോം.

Sunday, January 13, 2019

ആഗ്രഹങ്ങൾ


മഴനൂലുകൾ കോർത്തൊരു ഓർമ്മസൂചിയാൽ 
ഇഴകൾ പാകിത്തുടങ്ങണം 
സമയമില്ലിനി, മണലൂർന്നിറങ്ങും മുന്നെ
യാത്രകൾ തീർക്കണം
നാട്ടിലോട്ടൊന്ന് പോകണം
കാഴ്ചകൾ കണ്ണിൽ നിറയ്ക്കണം
ശബ്ദങ്ങൾ ഹൃത്തിലാക്കണം
ഗന്ധങ്ങളിൽ ലയിച്ചിരിക്കണം
രസമുകുളങ്ങളെ രുചികളാലുണർത്തണം
നാടിനെ നാടായറിയണം
കാവിൽ, കുളപ്പടവുകളിൽ
ആൽമരച്ചോട്ടിൽ,
സ്‌ക്കൂളിന് മുന്നിലെ നെല്ലിമരത്തിന്നരികിൽ,
നെറ്റിയിൽ മുറിപ്പാടു തീർത്ത
പാറക്കൂട്ടങ്ങളിൽ,
നാട്ടുമാങ്ങകൾ തിരഞ്ഞ
ഇല്ലിക്കാടുകളിൽ,
ഒന്നൂടെ പോകണം
നാരകത്തിലെ മുള്ള് പൊട്ടിക്കണം
ഓലക്കീറിൽ കഥകൾ കോറണം
ചെമ്പരത്തിച്ചുവപ്പിൽ,
ശംഖുപുഷ്പ നീലിമയിൽ,
മറന്ന നിറങ്ങൾ തിരയണം.
എന്നിട്ടൊടുവിൽ മടങ്ങണം.
ഈ ഇന്നലെകളെക്കൂട്ടി
ബാക്കിയില്ലാത്ത ഇന്നിലേക്ക്.

Wednesday, September 14, 2016

മാവേലി അലയുകയാണ്


ഓണത്തുമ്പികൾ മൂളാത്ത നരച്ച പാടങ്ങളിൽ ,
ഓണവിളികൾ മുഴങ്ങാത്ത നാട്ടിൻപുറങ്ങളിൽ, 
ഏത്തങ്ങൾ ഉണരാത്ത വയൽവരമ്പുകളിൽ,
മാവേലി അലയുകയാണ്.

തുമ്പക്കുടങ്ങൾ കാണാതെ,
നാട്ടുപൂക്കൾ കാണാതെ,
പൂക്കൂടകൾ തൂക്കി ഓടിത്തിമിർക്കുന്ന
ബാലൃങ്ങളെ കാണാതെ,
ഓണത്തപ്പൻമാർ നിരന്ന
ചാണകമണമുള്ള തറകൾ കാണാതെ..

ഒടുവിൽ,
പൂവടകൾ രുചിക്കാതെ,
പൂവിളികൾ കേൾക്കാതെ,
കാലത്തിന്റെ ചുമരിൽ
അരിമാവിൽ മുക്കി കൈ പതിക്കാതെ,
ആരോടും യാത്ര പറയാനില്ലാതെ,
പരിഭവങ്ങളില്ലാതെ,
മാവേലി മടങ്ങുന്നു.

Saturday, April 16, 2016

സുന്ദരിപ്പെണ്ണേ



നിന്നെ കാണാനെന്തൊരു ചന്തമാണെടി പെൺപൂവേ,
നിന്നെ കേൾക്കാനെന്തൊരു താളമാണെടി പെൺപൂവേ 

നീ എന്റെ മനസ്സിൽ മോഹവിത്ത് വിതയ്ക്കുമ്പോൾ ,
നീ എന്റെ കരളിൽ സ്നേഹമുത്ത് വിതറുമ്പോൾ,

പാടവരമ്പത്ത് കൈവിരൽ കോർത്ത് നാം നിൽക്കുമ്പോൾ,
മേലെ വാനത്തിൽ നിന്നും മഴത്തുള്ളിസ്വപ്‌നങ്ങൾ പെയ്യുന്നു.

തെങ്ങിൻ തോപ്പിലെ തൊട്ടാവാടികൾ നാണത്താൽ കൂമ്പുന്നു,
തോട്ടിൻവക്കിലെ കൈതകൾ ഓളങ്ങൾ തീർക്കുന്നു.

നാട്ടുവഴിയിൽ മഞ്ഞു മൂടിയ നാളൊന്നിൽ 
നീ എന്റേതല്ലേ, ഞാനവളോട് ചോദിച്ചു.

വാഴക്കൂമ്പിലെ തേനുണ്ണും അണ്ണാറക്കണ്ണൻ നോക്കുമ്പോൾ 
കാലിലെ പാദസരങ്ങൾ മഞ്ഞുതുള്ളിയെ ചുംബിച്ചു.

ഇല്ലിമുള്ളുകൾ വേലികൾ തീർക്കുന്ന ഗ്രാമത്തിൽ,
ചെമ്പരത്തികൾ പൂവിട്ടു നില്ക്കുന്ന പാതകളിൽ,

സുന്ദരിപ്പെണ്ണേ, നീ എന്റെയൊപ്പം നടന്നാട്ടെ,
എന്റെ, പെണ്ണിന്റെ യാത്രയിൽ ഞാനും കൂട്ടിന് പോരട്ടെ..

Wednesday, February 17, 2016

എനിക്കുണരേണ്ട


 മകളുറങ്ങുകയാണ്..
കണ്മഷിക്കണ്ണുകൾ, 
കരിവളക്കൈത്തണ്ടുകൾ,
കറുത്ത സുന്ദരിപ്പൊട്ട്.

എനിക്കുണരേണ്ട,
തണുത്ത നെറ്റിയിൽ മുത്തം കൊടുക്കേണ്ട,
എന്നെ കാണാത്ത കൺകൾ 
മനസ്സിലേറ്റണ്ട.

അമ്മക്കഥകളിലുണ്ടെന്റെയച്ഛൻ 
മഞ്ഞിന്റെ സ്പർശമാണെന്റെയച്ഛൻ
മഴയുടെ താളമാണച്ഛൻ
താരാട്ടിൻ ഈണമാണച്ഛൻ

എനിക്കുണരേണ്ട,
ഈ ചിത്രങ്ങൾ മായ്ക്കേണ്ട.

സ്വപ്നങ്ങളിൽ
അച്ഛനെ കെട്ടിപ്പിടിച്ച്,
ആ കൈത്തലോടലിന്റെ 
താളത്തിൽ, അലിഞ്ഞലിഞ്ഞ്,
ഞാനൊന്ന് മയങ്ങട്ടെ..

എനിക്കുണരേണ്ട ..

Sunday, April 21, 2013

തലസ്ഥാനം


ട്രെയിനില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോള്‍
അച്ഛന്‍ കയ്യില്‍ വല്ലാതെ മുറുക്കിപ്പിടിച്ചു.
പണ്ട് സ്കൂളില്‍ കൊണ്ട് പോയത് പോലെ.

"എന്താ അച്ഛാ, ഇങ്ങിനെ ബലത്തില്‍ പിടിക്കുന്നെ..? "
ഞാന്‍ ചോദിച്ചു.

അച്ഛന്‍ പറഞ്ഞു..
"മോളെ.. ഇത് ഡല്‍ഹിയാണ്.. "


Saturday, November 10, 2012

അവകാശം



മനുഷ്യന്‍റെ തൊലിയുരിഞ്ഞിട്ടതിലൊരു 
കശാപ്പുകാരനിരുന്നു കത്തി മിനുക്കുന്നു
മുറിച്ചു മാറ്റിയ തലയൊരു 
ചുവന്ന പലകപ്പുറത്തിരിക്കുന്നു..

വേതാള രൂപങ്ങള്‍ കൂട്ടമായ്‌ 
പച്ച മാംസം വില പറഞ്ഞുറപ്പിക്കവേ 
മുന്നിലായ്‌ സ്വന്തം ശരീരം 
കൊത്തി നുറുക്കവേ 
കൊഴുത്ത രക്തത്തില്‍ കഴുത്തമര്‍ത്തി
ആ മുഖമുച്ചത്തില്‍ അലറുന്നു.

" മുറിച്ചെടുക്കെന്‍ കശാപ്പുകാരാ ,
എനിക്കായെന്‍ അവശിഷ്ടങ്ങളെങ്കിലും 
ഈ ഒഴുകുന്ന ചോരയില്‍ ,
മുറിച്ചു മാറ്റിയ അംഗങ്ങളില്‍ ,
എനിക്കുമുണ്ടൊരല്പമവകാശമെന്നറിക നീ..."